മറ്റൊരുത്തിയെ പ്രേമിച്ചവ‌നെ കെട്ടാൻ വിധിക്കപ്പെട്ടവൾ, കുത്തുവാക്കുകൾ കേൾക്കുമ്പോ‌ഴും എല്ലാം സഹിക്കുന്നവൾ: അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു

പൊരിച്ച മീനിലൂടെ റിമ പറയാൻ ശ്രമിച്ചത് മനസിലാകാത്തവർക്ക്‌ അവരെ ട്രോളുന്നവർ അറിയേണ്ട ചില കഥകളുണ്ട്...

aparna| Last Modified ശനി, 20 ജനുവരി 2018 (11:58 IST)
മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ റിമയ്ക്കെതിരെ ട്രോള്‍ ആക്രമണവും സൈബർ ആക്രമണവും ഉണ്ടായി.

സമൂഹത്തിലെ ലിംഗ വിവേചനം വ്യക്തമാക്കുന്നതിനായി തന്റെ തന്നെ അനുഭവമാണ് പറഞ്ഞത്. ചെറുപ്പത്തിൽ ആൺകുട്ടികൾക്ക് മാത്രം മീൻ പൊരിച്ചത് നൽകിയതും തനിക്ക് തരാതിരു‌ന്നതുമായി അതിനു ഉദാഹരമണമായി റിമ ചൂണ്ടി‌ക്കാട്ടിയത്. എന്നാൽ, പൊരിച്ച മീനിന്റെ കാര്യം പറഞ്ഞ് റിമയെ ട്രോളുന്നവർ വസ്തുതയെ തിരിച്ചറിയുന്നില്ല. ഈ സാഹചര്യത്തിലാണ് അധ്യാപികയും യുവഎഴുത്തുകാരിയുമായി അമീറയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

ചുറ്റുമുള്ള പെണ്‍ ജീവിതങ്ങളിലേക്ക് വിരല്‍ ചൂണ്ടിയാണ് തന്റെ വാക്കുകൾ കുറിക്കുന്നത്. പൊന്നാനി എംഇഎസ് കോളേജ് അധ്യാപികയായ അമീറയുടെ ‘ഇങ്ങനെയും കുറച്ചു പെണ്‍ജീവിതങ്ങള്‍ ഉണ്ട്’ എന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു.

അമീറയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇങ്ങനെയും കുറച്ചു പെൺജീവിതങ്ങൾ ഉണ്ട്, പൊരിച്ച മീൻ എന്ന പ്രിവിലേജ് സിംബൽ ഇപ്പോഴും ദഹിക്കാത്തവർ അറിയാൻ ചില ഉദാഹരണങ്ങൾ. ചുറ്റുവട്ടത്തും കാണുന്ന ജീവിതങ്ങളിൽ നിന്ന് അരിച്ചെടുത്തത് ...

കഥ 1

അത്യാവശ്യം നന്നായി പഠിക്കുന്ന സാമാന്യം സുന്ദരിയായ പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുന്നു. കൂട്ടുകാരോടും കസിന്സിനോടും ഭാവി വരന്റെ മേന്മകളും തന്റെ സ്വപ്നങ്ങളും ഒക്കെ വർണിച്ചു പൂത്തിരി കത്തിച്ച പോൽ പെൺകുട്ടി... ഏഴു സുന്ദര രാത്രികൾ ഒക്കെ പാടി മുന്നോട്ട് പോകുന്നതിനിടയിലാണ് ഒരു ഫോൺ കാൾ വരുന്നത്...

നമ്മുടെ ഹീറോയുടെ വേറെ പ്രണയിനി (നിങ്ങൾ എംസിപ്പീസ് സെറ്റപ് എന്നൊക്കെ പറയുന്ന ആ ഐറ്റം ഉണ്ടല്ലോ ലവൾ തന്നെന്ന്) ആണ് അങ്ങേ തലക്കൽ.

ഭർത്താവും രണ്ട് കുട്ടികളും ഉള്ള അവർ...അങ്ങേയറ്റം അസംതൃപ്തമായ വിവാഹ ജീവിതം നയിക്കുന്ന അവർ നമ്മുടെ കഥാനായകന്റെ മോഹന വാഗ്ദാനങ്ങളിൽ ആകൃഷ്ടയാകുന്നു. രാത്രി കാലങ്ങളിൽ ഭർതൃവീട്ടിലും ആളില്ലാത്ത ദിവസങ്ങളിൽ കഥാനായകന്റെ വീട്ടിലും പിന്നെ ഊട്ടിയിലും വയനാടുമൊക്കെയായി പുഷ്പിച്ച പ്രണയം സദാചാര ആങ്ങളമാർ കയ്യോടെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നു. കഥാനായകൻ മാപ്പൊക്കെ പറഞ്ഞു സ്വന്തം വീട്ടിൽ ഒന്നും അറിയാത്ത പോലെ തിരിച്ചെത്തി.

ഭർതൃമതി ഭർത്താവ് ഇല്ലാത്ത മതിയായി സ്വന്തം വീട്ടിലേക്കും. ഭർത്താവ് ഉപേക്ഷിച്ചെങ്കിലും താൻ കെട്ടിക്കോളാമെന്നു ഉറപ്പു പറഞ്ഞു കഥാനായകൻ തന്റെ പ്രണയലീലകൾ തുടരുന്നു. അതിനിടയിൽ ആണ് കാര്യങ്ങൾ എല്ലാം അറിഞ്ഞ കഥാനായകന്റെ വീട്ടുകാർ മറ്റേ രാക്ഷസിയുടെ കയ്യിൽ നിന്നവനെ മോചിപ്പിയ്ക്കാനായി 'അടക്കവും ഒതുക്കവുമുള്ള' പെൺകുട്ടിയെ കണ്ടെത്തുന്നു. ആ പെൺകുട്ടിക്കാണ് ഞാൻ നേരത്തെ പറഞ്ഞ ഫോൺ കാൾ വരുന്നത്. കാമുകൻറെ വാഗ്ദാനം കേട്ട് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി ആണ് ഇങ്ങേ തലക്കൽ. ഇടയിൽ വെച്ചു വീട്ടുകാരുടെ ഭീഷണി കേട്ട് ഭയന്ന കഥാനായകൻ വാഗ്ദാനത്തിൽ മാറ്റം വരുത്തുന്നു. വേറെ കല്യാണം കഴിച്ചാലും ബന്ധം തുടരും ആരും അറിയാതെ രണ്ടാം ഭാര്യ ആക്കാം.

കാമുകനെ വിശ്വസിച്ചു അബദ്ധം പറ്റിയത് മനസിലായപ്പോൾ ആണ് കാമുകി ഇതൊന്നും അറിയാത്ത കഥാനായികയേ വിളിച്ചു കാര്യങ്ങൾ പറയുന്നത്. പിന്നെ കാര്യങ്ങൾക്കു ചൂട് പിടിക്കുന്നു രണ്ട് വീട്ടുകാരും തമ്മിൽ വാക്പയറ്റ്, കാമുകിയെ വിളിച്ചു ഭീഷണിപ്പെടുത്തൽ, പരസ്പരം കുറ്റപ്പെടുത്തൽ കരച്ചിൽ നെഞ്ചത്തടി കഥാനായകനെ വീട്ടിൽ നിന്ന് ഇറക്കി വിടൽ...ബഹളം കണ്ടവർ വിചാരിച്ചു എല്ലാം കഴിഞ്ഞെന്നു...

കാമുകിക്ക് വേണ്ടി യാതന അനുഭവിക്കുന്ന നായകനോട് കല്യാണം ഉറപ്പിക്കപ്പെട്ട പെൺകുട്ടിക്കും വീട്ടുകാർക്കും പിന്നീട് തോന്നുന്ന സിമ്പതി ആണ് രണ്ടാംഘട്ടം. കാമുകൻ രാത്രികാലങ്ങളിൽ മതില് ചാടിയതിനും മറ്റെല്ലാ കറക്കത്തിനും പിന്നിലുള്ള ആ മഹാ രഹസ്യം എല്ലാവരും കൂടെ കണ്ടു പിടിക്കുന്നു... കൈ വിഷമാണ് കൈവിഷം...

ആ പെണ്ണ് അവനു രാത്രി മതിൽ ചാടി വന്നപ്പോൾ കൊടുത്ത ജ്യൂസിൽ കൈ വിഷം കലക്കി കൊടുത്തു... ബാക്കി നടന്നതെല്ലാം അവൻ അറിഞ്ഞിട്ടേയില്ല. ബാക്കി എല്ലാം ചെയ്തത് മറ്റവൻ അല്ലെ നമ്മുടെ കൈവിഷം. അതുകൊണ്ട് എല്ലാവരും കൂടെ അവനെ കുടിച്ച കൈവിഷം ഇറക്കിക്കാൻ ആയി ആദ്യം ഉറപ്പിച്ച കല്യാണം തന്നെ കഴിപ്പിക്കാൻ തീരുമാനിക്കുന്നു. കൈവിഷം ഇറക്കിക്കുന്ന വൈദ്യന്റെ റോൾ അഭ്യസ്ത വിദ്യയായ നമ്മുടെ പെൺകുട്ടി സ്വമേധയാ ഏറ്റെടുക്കുന്നു. കഥാനായകനും കാമുകിയും പണ്ടേ പോലെ എല്ലാരേയും വെട്ടിച്ചു പ്രണയ ലീലകൾ തുടരുന്നു.

ചോദ്യം... ഈ കല്യാണം ഉറപ്പിക്കൽ കഥയിൽ... മറ്റൊരു ബന്ധം ഉള്ളത് ഈ പെൺകുട്ടിക്കായിരുന്നെങ്കിൽ,എനിക്ക് ഭാര്യയും മക്കളും ഉള്ള ഒരു പുരുഷൻ കൈ വിഷം തന്നു എന്നെ ഉപയോഗിച്ചതാണ്.. ഞാൻ അത് തുപ്പിക്കളഞ്ഞു നല്ല ഭാര്യയായിരുന്നു കൊള്ളാം എന്ന് അവൾ പറഞ്ഞിരുന്നെങ്കിൽ എത്രത്തോളം ആ കഥ അക്സെപ്റ് ചെയ്യപെടുമായിരുന്നു?എന്തായിരിക്കും പിന്നീട് കുടുംബത്തിലും സമൂഹത്തിലും അവളുടെ സ്ഥാനം?

അവൾ കഥാനായകന് വേണ്ടി കാണിച്ച വിശാലത അവൾക് വേണ്ടി അവൻ തിരിച്ചു കാണിക്കുമോ?

അവളുടെ വീട്ടുകാർ എല്ലാം ശുഭം എന്ന് പറഞ്ഞപോലെ തിരിച്ചു അവന്റെ വീട്ടുകാർ പറയുമായിരുന്നോ?

കഥ 2

സമൂഹത്തിൽ അറിയപ്പെടുന്ന, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ, സുന്ദരിയായ, വളരെ അഭിമാനിക്കത്തക്ക ജോലിയുള്ള യുവതി...

വിവാഹം കഴിഞ്ഞു ആഴ്ചകൾക്കകം അറിയുന്നു ഭർത്താവിന് മാറാരോഗം ആണെന്നും ലൈംഗിക ശേഷി നഷ്ടമായതാണെന്നും. തന്റെ ശമ്പളം കൊണ്ട് വീട് വെച്ച് ഭർത്താവിനെ ചികിത്സിച്ചു വിവാഹജീവിതത്തിന്റെ പതിനഞ്ചാം വർഷത്തിലും ഉത്തമഭാര്യയായി കന്യകയായി പരാതിയില്ലാതെ ജീവിക്കുന്നവൾ. എന്നിട്ടും അവളോട് മോശമായി പെരുമാറുന്ന സംശയത്തോടെ പെരുമാറുന്ന പരസ്യമായി ചീത്ത വിളിക്കുന്ന ഒന്ന് കൂടെ ഇരിക്കുക പോലും ചെയ്യാത്ത ഭർത്താവ്. പലപ്പോഴും സഹിക്കവയ്യാതെ ഡിവോഴ്സ് ചെയ്യുന്നതിനെ കുറിച്ചു ആലോചിക്കുന്ന ഭാര്യയോട് ഉത്തമ പത്നീ ലക്ഷണങ്ങളും കടമയും കർത്തവ്യവും ഒക്കെ സൗജന്യമായി പഠിപ്പിക്കുന്ന വീട്ടുകാരും നാട്ടുകാരും...

ചോദ്യം... ശാരീരിക ബന്ധം സാധ്യമാകാത്തത് ഭാര്യക്കായിരുന്നെങ്കിൽ കുട്ടികൾ ഉണ്ടാകാത്തത് അവൾക്കാണെങ്കിൽ എന്തായിരുന്നിരിക്കും ഭർത്താവിന് നാട്ടാരും വീട്ടാരും കൊടുക്കുന്ന ഉപദേശം?

ബന്ധം ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് ഭർത്താവായിരുന്നെങ്കിൽ സമൂഹം ഭാര്യയോട് കാണിക്കുന്ന അതെ മനോഭാവം അയാളോട് കാണിക്കുമോ?

കഥ 3

വിവാഹം കഴിഞ്ഞു ഭർത്താവും ഭാര്യയും വിദേശത്തു. ഗർഭിണിയായ ഭാര്യ പ്രസവത്തിനായി നാട്ടിൽ വരുന്നു. ഒരു കൊല്ലം കഴിഞ്ഞു കുഞ്ഞിനെ കാണാൻ വരുന്ന ഭർത്താവ് പറയുന്നു. എനിക്കൊരു മുതിർന്ന മക്കളുള്ള വിവാഹമോചിതയായ സ്ത്രീയുമായി വർഷങ്ങൾ ആയി ബന്ധമുണ്ട്. അവരെ ഉപേക്ഷിക്കാൻ വയ്യ. രണ്ട് പേരും സപത്നികൾ ആയി കഴിയാൻ... കുഞ്ഞു ആയതു കൊണ്ട് അതും പിറന്നത് പെൺകുഞ്ഞായതു കൊണ്ട് ഇനി ഇപ്പോൾ വഴക്കൊന്നും വേണ്ട... ആണുങ്ങൾക്കിതൊന്നും വല്യ കാര്യമല്ല എന്ന് ഉപദേശികൾ...

ചോദ്യം... ഭാര്യക്ക് ആണ് അങ്ങിനെ ഒരു ബന്ധം ഉണ്ടാകുന്നതെങ്കിൽ വിവാഹമോചനം അരുത് എന്ന് എത്ര പേര് ഉപദേശിക്കും?

കഥ 4

ഭാര്യയും ഭർത്താവും മക്കളും എല്ലാം സുഖമായി ജീവിക്കുന്നതിനിടെ ആക്‌സിഡന്റിൽ പെട്ട് ശയ്യാവലംബി ആകുന്ന ഭാര്യ. ഭാര്യയെയും മക്കളെയും അവളുടെ വീട്ടിലേക്ക് അയച്ചു വേറെ ഒരു ചെറുപ്പകാരിയെ കെട്ടുന്ന ഭർത്താവ്.

ഭർത്താവിന്റെ അപദാനങ്ങൾ ഏറ്റു പാടുന്ന നാട്ടുകാരുടെ ന്യായം. അവൾ കിടപ്പിലായെങ്കിലും അവൾക്കും മക്കൾക്കും അവൻ മാസം തോറും ചിലവിനു കൊടുക്കുന്നുണ്ടല്ലോ. അവൻ സ്നേഹമുള്ളോനാ.

ചോദ്യം...
ആക്സിഡന്റ് പറ്റി കിടപ്പിലായത് ഭർത്താവായിരുന്നെങ്കിൽ വേറെ കല്യാണം കഴിക്കുന്ന ഭാര്യക്ക് നമ്മുടെ സമൂഹം നല്കുമായിരുന്ന പേരുകൾ?

കഥ 5

നാലാമതും വിവാഹിതനായ തൊണ്ണൂറുകാരൻ. ആദ്യ മൂന്നു ഭാര്യമാരും മരണപെട്ടതാണ്. ഒരാൾ മരിച്ചപ്പോൾ അടുത്തത് അടുത്തത്...അങ്ങിനെ. വയസ്സ് കാലത് നോക്കാൻ ആള് വേണ്ടേ എന്ന ന്യായം അംഗീകരിക്കാം. യാതൊരു മടിയുമില്ല.

ചോദ്യം... അദ്ദേഹത്തിന്റെ പകുതി വയസ്സുള്ള സ്ത്രീ വിധവയാകുമ്പോൾ അവരെ പുനർവിവാഹം കഴിപ്പിക്കാൻ ഈ ഉത്‍സാഹം കാണാത്തതെന്ത്? വയസ്സുകാലത്തു പരിഗണനയും കരുതലും ആഗ്രഹിക്കുന്നതിലും ലിംഗ വിവേചനം ഉണ്ടോ?

പൊരിച്ച മീനിലൂടെ റിമ പറയാൻ ശ്രമിച്ചത് മനസിലാകാത്തവർക്ക്‌ അവരെ ട്രോളുന്നവർക്കു ചില കഥകൾ പറഞ്ഞു തന്നെന്നു മാത്രം...

എത്ര മോശമാണ് നിങ്ങളിൽ പലരും എത്ര സ്വാർത്ഥരാണ് നിങ്ങളിൽ പലരും എന്ന് സ്വയം ചിന്തിക്കാൻ ഒരു അവസരം

One is not born woman but rather becomes a woman ... Simon de Beauvoir ...സമൂഹമാണ് നിങ്ങൾ സ്ത്രീയെന്നു വിളിക്കുന്ന ജീവിയെ സൃഷ്ടിക്കുന്നതെന്ന് അവർ തുടർന്ന് പറയുന്നു..

അതുപോലെ ഇന്ന് നിങ്ങൾ പുച്ഛത്തോടെ ട്രോളുന്ന ഫെമിനിച്ചികളെ സൃഷ്ടിക്കുന്നതും നിങ്ങൾ തന്നെ...

ജനിച്ചു വീണ നിമിഷം പെൺകുഞ്ഞെന്നു കേൾക്കുമ്പോൾ പ്രത്യേകിച്ചും ആദ്യ കുഞ്ഞു പെൺകുഞ്ഞെന്നു കേൾക്കുമ്പോൾ തുടങ്ങുന്ന ഇഷ്ടക്കേട് തുടങ്ങി പകർന്നു കിട്ടുന്ന മുലപ്പാലിലും ഭക്ഷണത്തിലും വസ്ത്രത്തിലും വിദ്യാഭ്യാസത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും സ്വത്തവകാശത്തിലും വരെ കാണിക്കുന്ന വിവേചനങ്ങളിൽ നിന്നാണ് ഇവിടെ ഫെമിനിച്ചികൾ ഉണ്ടായത്...

പൊരിച്ച മീൻ ഒരു സിംബൽ മാത്രമാണ്... സ്ത്രീകളോട് കാലങ്ങളായി കാണിക്കുന്ന വിവേചനത്തിന്റെ മാത്രമല്ല അനർഹമായി ഒരു കൂട്ടർ അനുഭവിച്ച പ്രിവിലേജുകളുടെയും...ഈ പ്രിവിലേജ് ഉപഭോക്താക്കൾക്ക് അഭിമാനിക്കത്തക്കതായി ഒന്നുമില്ല എന്നാൽ തിരിച്ചു എല്ലാ അനീതികളോടും പോരാടി മുന്നേറുന്നവർക്ക്‌ അഭിമാനിക്കാൻ ഒട്ടുണ്ട് താനും...

കാൽ ചുവട്ടിൽ നിന്ന് ആണധികാരത്തിന്റെ മണ്ണ് ഒലിച്ചു പോകും എന്ന് ഭയപ്പെടുന്നവർക്ക് സ്വന്തം ചെവിക്കു പുറകിൽ ചോദ്യ കുഴലിന്റെ തണുപ്പ് അറിഞ്ഞു തുടങ്ങുന്നവർക്കു വീടുകളിൽ പാത്രം തേച്ചും അലക്കിയും പരുക്കമായി പോയ കൈകളിൽ നിന്ന് സ്വാനുഭവങ്ങൾ വെടിയുണ്ടകളായി നിങ്ങൾക്കു നേരെ പായിക്കുന്നത് കണ്ട് ഭീതി പൂണ്ടവർക്ക് അവർക്കു ഈ പൊരിച്ച മീൻ ഏത് നശീകരണ ആയുധത്തേക്കാളും പ്രഹരമേല്പിക്കാൻ പോന്നതാണ്..

കാലങ്ങളായി ഏത് സ്വയം പ്രഖ്യാപിത അധികാര കസേരയിലാണോ അമർന്നിരുന്നത് ... ഇനിയും ഞങ്ങളുടെ വരും തലമുറയിലെ ആണുങ്ങൾ അഭിമാനത്തോടെ എക്കാലവും ഇരിക്കും എന്നാണോ പ്രതീക്ഷിച്ചത് ആ കസേരയാണ് പെണ്ണിന്റെ വാക്പ്രവാഹത്തിൽ ആടിയുലയുന്നത്.

ഒരേ സമയം നാലും അഞ്ചും ഗേൾ ഫ്രണ്ട്സിനെ കൊണ്ട് നടന്നിട്ട് എന്റെ ഭാര്യക്ക് ഞാൻ വാട്സപ്പും ഫേസ്ബുക്കും ഒന്നും ഉപയോഗിക്കാൻ സമ്മതിക്കില്ല എന്ന് മേനി പറയുന്നവരും വീട്ടിൽ പറയാതെ ഇഷ്ടമുള്ളിടത്തൊക്കെ രാപകൽ ഭേദമില്ലാതെ കറങ്ങാൻ പോകുകയും അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് സുഖമില്ലെന്നു അറിഞ്ഞു വിവരം അന്വേഷിക്കാൻ പോയ ഭാര്യയെ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് പെരുമാറി എന്നൊക്കെ ഊറ്റം കൊള്ളുന്ന വരും ഒക്കെ പെൺ വാക് വ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ പിടയുന്നത് കാണുന്നില്ലേ ?

അപ്പോൾ ഇത്തരം കൊഞ്ഞനം കുത്തലുകളും ഭീഷണികളും തെറി വിളികളും മാത്രമല്ല അതിനുമപ്പുറം പ്രതീക്ഷിക്കണം.. കാരണം അത് സ്വന്തം മനസാക്ഷി തന്നെ അവരെ തിരിഞ്ഞു ചോദ്യം ചെയ്യുമ്പോൾ.. ഓർമകളിൽ നിന്ന് പൊരിച്ച മീനുകളും എല്ലിൻകഷ്ണങ്ങളും വന്നു വയറിനെ അസ്വസ്ഥമാകുമ്പോൾ ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ ആണ്

തത്കാലം ക്ഷമിച്ചു കൊടുക്കാം. ചികിത്സ ശരീരത്തിന് പിടിച്ചു തുടങ്ങുമ്പോൾ ഇങ്ങനെയും ഉണ്ടാകാം ചില എരിപൊരി സഞ്ചാരങ്ങൾ എന്ന് കരുതി...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :