തദ്ദേശ തിരഞ്ഞെടുപ്പ്, പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (11:55 IST)
തദ്ദേശ തിരഞ്ഞെടുപ്പു തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സർവകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കമ്മീഷനാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തിരഞ്ഞടുപ്പ് നീട്ടിവെക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിക്കുന്നത്. കോടതി ഉത്തരവിലുള്ള കമ്മീഷന്റെ തീരുമാനം തിങ്കളാഴ്ചയുണ്ടാകും. അന്തിമതീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ സർക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം നവംബർ അവസാനം തന്നെ തിരഞ്ഞെടുപ്പു നടത്തും. നവംബർ 24 (ചൊവ്വ), 26 (വ്യാഴം) തീയതികളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. സർക്കാരുമായി തുടക്കത്തിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ ഇനി ഒരു തർക്കത്തിനു കമ്മിഷൻ മുതിരില്ലെന്ന കണക്കുകൂട്ടലിലാണു യുഡിഎഫ് വൃത്തങ്ങൾ.

വാർഡ് പുനർനിർണയം ഒക്ടോബർ ആദ്യം പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉറപ്പു നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വാർഡ് പുനർനിർണയസമിതിയോഗം വീണ്ടും ചേരും. തിരഞ്ഞെടുപ്പു തീയതി സമവായത്തിലൂടെ തീരുമാനിക്കാനാണു നീക്കം. സർക്കാരുമായി യോജിച്ച പ്രവർത്തനവുമായി മുന്നോട്ടു പോകാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :